05/11/2025
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യം അൽപം ഭേദപ്പെട്ട സമയത്ത് മർകസിൽ എന്നെ കാണാനെത്തിയ കെകെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖമിപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. കുറഞ്ഞനാളത്തെ ചികിത്സ ശരീരത്തെയും മുഖത്തെയുമൊക്കെ ബാധിച്ച മട്ടുണ്ട്. 'വല്ലാതെ സുഖമൊന്നും ആയിട്ടില്ല, ഇവിടെ ദർസെടുക്കാൻ വരാനാവണം, വേദനയൊക്കെയുണ്ട്, നിങ്ങളൊക്കെ ദുആ ചെയ്യണം'- ഒരു കൊച്ചുകുട്ടി പറയുന്ന പോലെ തുടങ്ങി കണ്ണുകലങ്ങി പൂർത്തീകരിക്കാനാവാത്ത വിധം ആ സംസാരം പാതിമുറിഞ്ഞു. എന്റെ കണ്ണുമപ്പോൾ നിറഞ്ഞു. പിന്നീട് ഞങ്ങൾ അവസാനമായി കണ്ട കാഴ്ചകളിൽ മിക്കപ്പോഴും കട്ടിപ്പാറ അൽ ഇഹ്‌സാന്റെ കാര്യം പറഞ്ഞു. എന്റെ കാലം കഴിഞ്ഞാലും സ്ഥാപനം നിലനിർത്താൻ ശ്രദ്ധയുണ്ടാവണമെന്ന് താത്പര്യപെട്ടു. മക്കളുടെ കാര്യത്തിലും കണ്ണുണ്ടാവണമെന്ന് ഉണർത്തി. എന്റെ ജീവിതത്തിന്റെ വലിയൊരു കാലം അടുത്തുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ ഞാനപ്പോഴെല്ലാം സമാധാനിപ്പിച്ചു.
അദ്ദേഹമവസാനം സംസാരിച്ചിരുന്ന ഓരോ തവണയും എന്റെയുള്ളിൽ വർഷങ്ങൾ മിന്നിമറഞ്ഞു. തന്റെ എല്ലാ വിശേഷങ്ങളും ജീവിത സന്ധികളും പങ്കുവെക്കുന്ന പതിവ് അദ്ദേഹം എത്രയോ കാലങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാൽ അദ്ദേഹത്തിന് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോൾ പിതാവ് കറുപ്പനകണ്ടി കുഞ്ഞായിൻ കുട്ടി ഹാജി കൈപിടിച്ച് 'നീയിവനെ നല്ലൊരു ദർസിൽ ചേർത്ത് പണ്ഡിതനാക്കണമെന്ന്' പറഞ്ഞതുമുതൽ. ആ ദൃശ്യമാണ് ഇപ്പോഴദ്ദേഹത്തെ ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത്. ഒരേ നാട്ടുകാരായിരുന്ന ഞങ്ങൾ കണ്ടുമുട്ടിയ ആദ്യ വേള.
അക്കാലത്ത് ഞങ്ങളുട നാട്ടിൽ ഓതാൻ പോയിരുന്ന മുതിർന്ന കുട്ടികളിലൊരാൾ ഞാനായിരുന്നത് കൊണ്ടാവാം കുഞ്ഞായിൻ കുട്ടി ഹാജി എന്നോടങ്ങനെ പറഞ്ഞത്. എന്നാലത് ഒരായുസ്സ് മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഞങ്ങൾ നിനച്ചില്ല. നാട്ടു ദർസിൽ നിന്ന് ഇയ്യാട് ഔപചാരിക ദർസ് പഠനം ആരംഭിക്കുമ്പോഴും വിവിധ ഉസ്താദുമാരുടെ കീഴിലേക്ക് പഠനം വ്യാപിപ്പിക്കുമ്പോഴും ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ചാലിയം ദർസ്, വെല്ലൂർ ബാഖിയാതു സ്വാലിഹാത്ത് എന്നിവിടങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുമ്പോഴുമുൾപ്പെടെ പഠന-അധ്യാപന കാലത്തെ വിശേഷവേളകളിലെല്ലാം അദ്ദേഹം സമീപത്തെത്തുകയും കൂടിയാലോചിക്കുകയും ചെയ്യും. തന്റെ ദീർഘകാലത്തെ ഉസ്താദായ മർഹൂം ഇകെ ഹസൻ മുസ്‌ലിയാരുടെ വിശേഷങ്ങൾ നാട്ടിലെത്തുന്ന സമയത്ത് എന്നോട് പങ്കുവെക്കും.
ഞാൻ വെല്ലൂർ ബാഖിയാത്തിൽ നിന്ന് പഠനം പൂർത്തീകരിച്ച് മങ്ങാട് ദർസ് തുടങ്ങിയ സമയം. മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയിൽ ഹസൻ മുസ്‌ലിയാരുടെയടുത്ത് ഓതിപ്പഠിക്കുകയാണ് അഹ്‌മദ് കുട്ടി മുസ്‌ലിയാരപ്പോൾ. തന്റെ ഉസ്താദിനെ ഒരു ദിവസം വീട്ടിലേക്ക് സത്കരിച്ച വേളയിൽ സ്ഥലം മുദരിസ് എന്ന നിലയിൽ എന്നെയും ക്ഷണിച്ചു. ഹസൻ മുസ്‌ലിയാർ നേരെ പള്ളിയിലേക്കാണ് വന്നത്. അദ്ദേഹം ഓതിപ്പഠിച്ച സ്ഥലമാണല്ലോ മങ്ങാട്. ളുഹ്റിന് അദ്ദേഹം ഇമാമായി നിസ്‌കരിച്ചു. ശേഷം ഞങ്ങളൊരുമിച്ച് അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ വീട്ടിലേക്ക് നടന്നു. കുറച്ചധികം നടക്കാനുണ്ട്. ഖുതുബ പരിഭാഷയാണ് പൂനൂരിലും പരിസരത്തും അന്നത്തെ ചൂടുള്ള വിഷയം. അതേക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് നടത്തം. ഭക്ഷണം കഴിച്ചു തിരിച്ചുപോരുമ്പോഴും സംസാരം തുടർന്നു. അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ വീട്ടിലെ സൽക്കാരവും അന്നത്തെ സംസാരവുമാണ് ഞങ്ങൾക്കിടയിൽ ഒരാത്മബന്ധമുണ്ടാക്കിയത്. പിന്നീട് എത്രയോ വേദികളിൽ ഖുതുബ പരിഭാഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞങ്ങളൊരുമിച്ച് പ്രസംഗിക്കുകയും സംവാദം നടത്തുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെയും സുന്നിവോയ്‌സിന്റെയുമെല്ലാം മുന്നേറ്റത്തിന് അടിത്തറയിടാൻ കാരണമായ ആ കൂടിക്കാഴ്ചക്ക് കളമൊരുക്കിയത് അഹ്‌മദ് കുട്ടി മുസ്‌ലിയാർ ആയിരുന്നു.
1972 ൽ അദ്ദേഹം മൗലവി ഫാളിൽ ബാഖവി ബിരുദം കരസ്ഥമാക്കിയ ശേഷം കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ദർസ് നടത്തുന്ന വേളകളിൽ ഞങ്ങൾക്കിടയിലെ ബന്ധം ശക്തിപ്പെട്ടു. ഒഴിവുവേളകളിൽ പരസ്പരം കണ്ടു. അക്കാലത്ത് സജീവമായി തുടങ്ങിയ എന്റെ പ്രഭാഷണങ്ങൾക്ക് പലപ്പോഴും കൂടെപ്പോരും. വടകര അടക്കാത്തെരുവ് പള്ളിയിൽ മുദരിസായിരുന്നപ്പോൾ ഞാൻ ആ പരിസരത്ത് വഅളിന് പോകുമ്പോൾ അവിടെ താമസിക്കും. ഒറ്റക്കുള്ള അത്തരം കൂടിക്കാഴ്ചകളിൽ സുന്നത്ത് ജമാഅത്തുമായി ബന്ധപ്പെട്ട പദ്ധതികൾ, ആദർശ വിഷയങ്ങൾ സംസാരവിഷയമാകും. ഞങ്ങളുടെ പരിസര പ്രദേശമായ പൂനൂരിൽ പുത്തനാശയക്കാർ രംഗപ്രവേശം ചെയ്തിരുന്ന സമയത്ത് അവരെ പ്രതിരോധിക്കാനായി സംവാദങ്ങളും മറ്റും നടത്തുമ്പോൾ വിഷയം നിർണയിക്കുന്നതിൽ അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളിക്കടുത്ത കണ്ണിറ്റമാക്കിൽ ദർസ് നടത്തുന്ന സമയത്താണ് ഞാനദ്ദേഹത്തെ ജാമിഅ മർകസിലേക്ക് ക്ഷണിക്കുന്നത്. അവിടെ ഒരു ദർസിൽ മാത്രം ഒതുങ്ങിപ്പോവാതെ വലിയ ദർസും പൊതുപ്രവർത്തനവും പ്രഭാഷണവും എല്ലാം കൂടുതൽ സജീവമാക്കണമെന്ന താത്പര്യത്തെ തുടർന്നാണ് ഈ വിളി.1988 ജനുവരി 3 നാണ് മർകസിൽ എത്തുന്നത്. എന്നാൽ മർകസിൽ എത്തുന്നതിന് മുമ്പുതന്നെ ദർസ് ലീവുള്ള വേളകളിൽ കാരന്തൂരിൽ വരികയും താമസിക്കുകയും മർകസ് സമ്മേളനങ്ങളുടെയും പരിപാടികളുടെയും സംഘാടകനായി പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെ നിരന്തരം അടുത്തും ആശയവിനിമയം നടത്തിയുമാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായി അദ്ദേഹം മാറുന്നത്. ചർച്ച ചെയ്യാനും പങ്കുവെക്കാനും വൈജ്ഞാനിക-ആദർശ-നാട്ടുകാര്യങ്ങൾ ഒരുപാടുണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. പിന്നീടങ്ങോട് ഒരു സഹചാരിയായി, അധ്യാപനത്തിലും പ്രഭാഷണത്തിലും സംവാദ വേദികളിലും പങ്കാളിയായി അഹ്‌മദ് കുട്ടി മുസ്‌ലിയാർ കൂടെയുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് പുറമെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ, കേരള മുസ്‌ലിം ജമാഅത്ത്, മർകസു സഖാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയവയുടെ നേതൃപദവി അലങ്കരിച്ചു. കട്ടിപ്പാറ അൽ ഇഹ്‌സാൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും രൂപീകരണത്തിൽ മുന്നിൽ നിന്നു. മലയോര മേഖലയായ കട്ടിപ്പാറയിൽ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ കേന്ദ്രം ഉയർന്നുവരണം എന്ന ഏറെ നാളത്തെ അഭിലാഷത്തിൽ നിന്നാണ് അൽ ഇഹ്‌സാൻ രൂപപ്പെടുന്നത്. പൊതുവെ നാട്ടിൽ സ്വീകാര്യനായ അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവം ആ സ്ഥാപനത്തെ മെച്ചപ്പെടുത്തി.
അധ്യാപനത്തിനും പ്രഭാഷണത്തിനും സംഘാടനത്തിനും പുറമെ മസ്‌ലഹത്ത് വിഷയങ്ങളിലും കാര്യങ്ങൾ സമർഥിക്കുന്നതിലും പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. മർകസുമായും പ്രസ്ഥാനവുമായും ബന്ധപ്പെട്ട ചില നിർണായക ഘട്ടങ്ങളിൽ തീരുമാനം എടുക്കേണ്ടി വരുമ്പോൾ ഞാനദ്ദേഹത്തെ അരികിൽ വിളിക്കും. അഭിപ്രായം ചോദിക്കും. വിഷയത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി അന്വേഷിച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ പരിഹാരം അദ്ദേഹം നിർദേശിക്കും. വളരെ ദീർഘവീക്ഷണത്തോടെയുള്ള സമീപനമായിരിക്കും അവയെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്. വ്യക്തികൾക്കും കൂട്ടായ്മകൾക്കുമിടയിൽ നിലനിന്നിരുന്ന പലതരത്തിലുള്ള തർക്കങ്ങളിൽ പരിഹാരം കാണാനായി മർകസിൽ എത്തുമ്പോൾ അദ്ദേഹത്തെയും കൂടെയിരുത്തും. ഇരുകക്ഷികളെയും വിശദമായി കേട്ടും കാര്യങ്ങളന്വേഷിച്ചും ദീർഘസമയം എടുത്താണ് അദ്ദേഹം പരിഹാരം നിർദേശിക്കുക. പെട്ടെന്ന് മറുപടി പറയുന്ന പ്രകൃതമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തീർപ്പുകളിൽ ഇരുകക്ഷികളും തൃപ്തിപ്പെടുന്നത് കാണാം.
മർകസിൽ ബൈളാവി, ജംഉൽ ജവാമിഅ്, സ്വഹീഹ് മുസ്‌ലിം തുടങ്ങിയ പ്രധാന കിതാബുകളുടെ ദീർഘകാല ദർസിലൂടെ അദ്ദേഹം വിദ്യാർഥികളുടെ പ്രിയങ്കരനായ 'കട്ടിപ്പാറ ഉസ്താദായി'. പതിനായിരത്തോളം സഖാഫി പണ്ഡിതർ നാളിതുവരെ അദ്ദേഹത്തിൻറെ ശിഷ്യരായി തീർന്നിരിക്കും. വിനയം നിറഞ്ഞ-വാത്സല്യപൂർവമായ സ്വഭാവം കൊണ്ടുതന്നെ അദ്ദേഹം വിദ്യാർഥികളുടെയെല്ലാം പ്രിയങ്കരനായിരുന്നു. നിനച്ചിരിക്കാത്ത വേളയിലുണ്ടായ ആരോഗ്യകാരണങ്ങളെ തുടർന്ന് അൽപകാലമായി വിശ്രമിക്കുമ്പോഴാണ് ഈ വിയോഗമുണ്ടാകുന്നത്. അസുഖം ഭേദമായി വൈകാതെ തന്നെ മർകസിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളെല്ലാം. എന്നാൽ ഈ വിയോഗം ഏറെ ദുഃഖിപ്പിക്കുന്നു. ഒരു സഹപ്രവർത്തകൻ എന്നതിലുപരി ചെറു പ്രായത്തിൽ പരിചയപെട്ടു തുടങ്ങി വലിയൊരു കാലയളവിൽ കൂടെയുണ്ടായിരുന്ന ഒരാത്മ മിത്രത്തെയാണ് എനിക്ക് നഷ്ടപ്പെടുന്നത്. ഒരേസമയം സഹായിയായും മാർഗദർശകനായും ഒപ്പമുണ്ടായിരുന്നോരാൾ.
https://www.sirajlive.com/the-soulmate-who-walked-with-me.html